ഭൂമിശാസ്ത്രം

ഭൂപ്രകൃതി

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ എടക്കാട് ബ്ളോക്കിലാണ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കൊളച്ചേരി, ചേലേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രാമപഞ്ചായത്തായ കൊളച്ചേരിയ്ക്ക് 20.72 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 

ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വളപട്ടണം പുഴയും, തെക്കുഭാഗത്ത് മുണ്ടേരിപ്പുഴയും, കിഴക്കുഭാഗത്ത് മയ്യില്‍, കുറ്റ്യാട്ടൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് നാറാത്ത് പഞ്ചായത്തുമാണ്. 
സമുദ്ര നിരപ്പിൽ നിന്നുമുള്ള ശരാശരി ഉന്നതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഭൂവിഭാഗങ്ങളെ പ്രധാനമായും മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

 കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഇതിൽ ഇടനാട് എന്ന വിഭാഗത്തിൽപ്പെടുന്നു. ശരാശരി സമുദ്ര നിരപ്പിൽ നിന്നും 60 മീറ്റർ ഉയരം വരെയുള്ള പ്രദേശമാണ് കൊളച്ചേരി. കുന്നിൽ മലകൾ (Hill crest/Ridge crest), ചരിഞ്ഞ പ്രദേശങ്ങൾ (Slopes), താഴ്‍വരകൾ (Valleys) എന്നീ മൂന്ന് തരത്തിലുള്ള ഭൂ രൂപങ്ങളാണ് നമ്മുടെ പഞ്ചായത്തിൽ വരുന്നത്. 

പഞ്ചായത്തിലെ പ്രധാന കുന്നുകളുടെ മുകൾ ഭാഗങ്ങൾ താരതമ്യേന കുറഞ്ഞ ചരിവുള്ള സമതല പ്രദേശങ്ങളാണ്. കുന്നിൽ മലകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തിലെ ഇത്തരം പ്രദേശങ്ങളിൽ ഭൂരിഭാഗവും മേൽ മണ്ണിന്റെ അഭാവത്തിലും കാഠിന്യമേറിയ ചെങ്കൽ പാറകളുടെ സാന്നിധ്യം മൂലവും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത്തരത്തിലുള്ള ചില പ്രദേശങ്ങളിൽ നാമമാത്രമായി റബ്ബർ, കശുമാവ് എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾക്ക് മധ്യേയായി സ്ഥിതി ചെയ്യുന്നതും ചരിവിന്റെ തോത് തീരെകുറഞ്ഞതുമായ പ്രദേശങ്ങൾ താഴ്‍വരകൾ എന്ന വിഭാഗത്തിൽപ്പെടുന്നു. ചരിവിന്റെ തോത് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമാണ്.
പഞ്ചായത്തിന്റെ പ്രദേശങ്ങളിൽ വരുന്ന പ്രധാന മൺതരങ്ങൾ ലാറ്ററൈറ്റ്, ചെങ്കൽ, പാറ, എക്കൽ, മണ്ണ്, മണ്ണ് കലർന്ന പശീമരാശി മണ്ണ് എന്നിവയാണ്. ചെങ്കൽ മണ്ണാണ് ഏറ്റവും കൂടുതലായി കാണുന്നത്. പഞ്ചായത്തിലെ നൂഞ്ഞേരി, കാരയാപ്പ്, പാമ്പുരുത്തി എന്നീ പ്രദേശങ്ങളിൽ ചതുപ്പായ നിലങ്ങളും കാണപ്പെടുന്നു. ചെരിഞ്ഞ പ്രദേശങ്ങളില്‍ തെങ്ങും, കുരുമുളകും, കവുങ്ങും കൃഷി ചെയ്യുന്നു. പണ്ടുമുതല്‍ തന്നെ കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കി വരുന്നത് നെല്‍കൃഷിക്കാണ്. പൂര്‍ണ്ണമായും മഴയെ ആശ്രയിച്ചുള്ള കൃഷിരീതിയായിരുന്നു കര്‍ഷകര്‍ അവലംബിച്ചിരുന്നത്. കൃഷിഭൂമിയുടെ ഏകദേശം പകുതിയോളം സ്ഥലത്ത് നെല്‍കൃഷി ചെയ്തിരുന്നു. പയറും, മരച്ചീനിയും, നേന്ത്രവാഴയും, പച്ചക്കറികളും വയലുകളില്‍ കൃഷിചെയ്തിരുന്നു. പഞ്ചായത്തിന്റെ തെക്കുകിഴക്കു ഭാഗത്തായി കൈപ്പാട് കൃഷി സ്ഥലങ്ങൾ നിലനിൽക്കുന്നു. 

വളപട്ടണം പുഴയോടു ചേര്‍ന്ന ചില ഭാഗങ്ങളില്‍ തെങ്ങും, കവുങ്ങും നിരപ്പായ വയലുകളില്‍ നെല്‍കൃഷിയും ചെയ്തുവരുന്നു. വയലിന്റെ കിഴക്കുഭാഗത്ത് ചെരിഞ്ഞ പ്രദേശങ്ങളും അതിന്റെ തുടര്‍ച്ചയായി ഉയര്‍ന്ന പ്രദേശങ്ങളുമാണ്.  വളപട്ടണം പുഴയും മുണ്ടേരിപ്പുഴയും പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പ്രധാന നദികളാണ്. വളപട്ടണം പുഴയിൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ ഒരു ദ്വീപാണ് പാമ്പുരുത്തി. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇവിടം.

ഗ്രാമപഞ്ചായത്തിന് കൊളച്ചേരി എന്ന പേര് വന്നത് , ആരുടെയും തലയറുത്തുമാറ്റുവാന്‍ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികള്‍ വാണിരുന്ന സ്ഥിതിവിശേഷം ഇവിടെ നിലനിന്നതുകൊണ്ടാവാം കൊലച്ചേരി എന്ന സ്ഥലനാമം ഉണ്ടാവാന്‍ കാരണമെന്നാണ് നിലവിലുള്ള ഒരു നിഗമനം.